കോട്ടയം: വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങള്‍ക്ക് സാധ്യമായ സഹായം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ കേള്‍ക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ട്. ജനങ്ങള്‍ക്കു നല്കുന്ന സേവനം ഔദാര്യമല്ല.
സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സര്‍വേ നടത്തിപ്പിന് മതിയായ ജീവനക്കാരില്ലാത്തത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലെ മുഴുവന്‍ പട്ടയങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കണം.
ഭൂമി പതിച്ചു നല്കല്, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കല്‍, തരംമാറ്റം, കൈയേറ്റം ഒഴിപ്പിക്കല്‍, ഡിജിറ്റൽ സര്‍വേ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍, സ്മാര്‍ട്ട് വില്ലേജ്, നികുതിപിരിവ്, കുടിശിക, ഓഡിറ്റ്, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തന പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ലാന്‍ഡ് റവന്യു കമ്മീഷണര്‍ എച്ച്. ദിനേശന്, ജോയിന്റ് കമ്മീഷണര്‍ സഫ്ന നസ്റുദീന്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, സര്‍വേ ഡയറക്ടര്‍ ജെ.ഒ. അരുണ്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, പാലാ, കോട്ടയം ആര്‍ഡിഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സ്പെഷല്‍ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂണിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുമായി മന്ത്രി ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംവദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.